start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

"ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പൊക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടത്തിനു ചെത്തി വെടിപ്പാക്കുന്നു." - വി. യോഹന്നാൻ15 : 1-2

start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

Read the BIBLE with us.


Ruth - രൂത്ത്


A +  A -
1 ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാർപ്പാൻ പോയി.
2 അവന്നു എലീമേലെൿ എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കും മഹ്ളോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ളഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു.
3 എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെൿ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
4 അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.
5 പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.
6 യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.
7 അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
8 എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
9 നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.
10 അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.
11 അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?
12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
13 അവർക്കും പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.
14 അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
15 അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊൾക എന്നു പറഞ്ഞു.
16 അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുംന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
17 നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
18 തന്നോടു കൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.
19 അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവർ ബേത്ത്ളേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
20 അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.
21 നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
22 ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ളേഹെമിൽ എത്തി.